ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക സാംസ്കാരിക ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ദക്ഷിണകാശി എന്ന് വിഖ്യാതമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ (കൊല്ലം ജില്ല) തൊട്ടുകിടക്കുന്ന കൃഷ്ണപുരത്തിന് സമ്പന്നമായ ഒരു സാമൂഹിക ചരിത്ര പശ്ചാത്തലമുണ്ട്. പ്രസിദ്ധമായ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാൽ കൃഷ്ണന്റെ ആ വാസസ്ഥലം (പൂരം) എന്ന് അർത്ഥത്തിലാണ് കൃഷ്ണപുരത്തിന് ആ പേർ സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. കായംകുളം രാജാവിന്റെ തലസ്ഥാനവുമായിരുന്നു കൃഷ്ണപുരം. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദളവ, രാമയ്യൻ കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി വേണാടിനോട് ചേർക്കുകയായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ശ്രീ കൃഷ്ണസ്വാമി ക്ഷേത്രവും കായംകുളം കൊട്ടാരവും കായംകുളം രാജാവിന്റെ കോട്ടയ്ക്കകത്തുളള അതിർത്തിച്ചിറയും പട്ടാളത്തേയും കുതിരകളേയും പാർപ്പിച്ചിരുന്ന ലയത്തിൽ പുരയിടവും (കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം) ഇന്ന് കായംകുളം മുനിസിപ്പാലിറ്റിയിലാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാന് രചിച്ച (മയൂര സന്ദേശത്തിൽ) കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റി പ്രതിപാദിക്കുന്നു.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെയും പിന്നീട് ഇന്ത്യൻ നാഷണൽകോൺഗ്രസ്സിന്റെയും നേത്യനിരയിലെ ശ്രദ്ധേയനായിരുന്ന ശ്രീ. ജി.പി. നീലകണ്ഠ പിളള ഈ പ്രദേശത്തുകാരനായിരുന്നു. (മഠത്തിക്കാരാണ്മ ഇപ്പോൾഓച്ചിറ പഞ്ചായത്തിൽ ) കൃഷ്ണപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് തിരുകൊച്ചി നിയമയഭയിൽ അംഗമായിരുന്ന ശ്രീ. കോട്ടക്കൽ ശേഖരപണിക്കനും ഇവിടുത്തെ ആദ്യകാല കോൺഗ്രസ്സ് നേതാക്കളായ ശ്രീ. വെട്ടുകുളഞ്ഞിയിൽ രാമൻപിള്ള, അഡ്വക്കേറ്റ് രാഘവൻ പിളള, അഡ്വക്കേറ്റ് സുബ്രമഹ്ണ്യം പിള്ള, പാട്ടത്തിൽ കുഞ്ചുപിളള, പാട്ടത്തിൽ വാസുപിളള, കൊച്ചു കളിയ്ക്കൽ മാധവൻപിള്ള, ശ്രീ. കേശവ് പോറ്റി (കെ.പി.എസി) എന്നിവർ പ്രമുഖ കോൺഗ്രസ്സ് പ്രവർത്തകരായിരുന്നു. അക്കാലത്ത് ഈ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേത്യത്വം നൽകിയത് സർവ്വ ശ്രീ. നാണുക്കുട്ടി ആശാൻ, വരവിള ശങ്കരൻനായർ, നീലകണ്ഠൻ നമ്പ്യാതിരി എന്നിവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.
കൊല്ലം ജില്ലയുടെയും കരുനാഗപ്പളളി താലൂക്കിന്റെയും ഭാഗമായിരുന്ന കൃഷ്ണപുരത്തിന് ഒരു വില്ലേജ് യൂണിയൻ ഉണ്ടായിരുന്നു. പിൽക്കാലത്തെ പഞ്ചായത്തിന്റെ ഒരു പ്രാഗ് രൂപമായിരുന്നു ഇത്. പാട്ടത്തിൽ ശ്രീ. കുഞ്ചുപിള്ള പ്രസിഡന്റായിരുന്ന വില്ലേജ് യൂണിയനിൽ വയലിൽ ശ്രീ. പത്മനാഭൻ, അഡ്വക്കേറ്റ് സുബ്രഹ്മണ്യംപിള്ള, പി. ദാമോദര പണിക്കർ തുടങ്ങിയവർ അംഗങ്ങളായിരുന്നു. അക്കാലത്ത് ശ്രീ സുബ്രഹ്മണ്യംപിള്ളയുടെ നേത്യത്വത്തിൽ ഒരു ഖാദി സ്ഥാപനം കൃഷ്ണപുരത്ത് പ്രവർത്തിച്ചിരുന്നു. വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന പാട്ടത്തിൽ ശ്രീ. കുഞ്ചുപിള്ള ഓച്ചിറ ക്ഷേത്രഭരണസമിതിയുടെയും പ്രസിഡന്റായിരുന്നു.
1953 ൽ കൃഷ്ണപുരത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ പഞ്ചായത്ത് സമിതിയിൽ പത്ത് അംഗങ്ങൾ ഉണ്ടായിരുന്നു. 9 വാർഡും 10 അംഗങ്ങളും)കൃഷ്ണപുരം കോവിലകത്തെ ശ്രീ.കേരളവർമ്മ, മഠത്തിക്കാരാണ്മ കോട്ടയിൽ ശേഖരപ്പണിക്കർ, ശ്രീ. വെളുത്ത കുഞ്ഞ് (പട്ടികജാതി സംവരണം), ഞക്കനാൽ വെട്ടുകുളഞ്ഞിയിൽ ശ്രീ. രാമൻപിള്ള, കൊറ്റം പള്ളി കേശവപ്പണിക്കർ, മീനത്തേരിയിൽ മൈതീൻ കുഞ്ഞ്, പുള്ളിക്കണക്കിൽ പാലക്കോട് ഇല്ലത്ത് ശ്രീ. നീലകണ്ഠൻ നമ്പ്യാതിരി, കാപ്പിൽമേക്ക് ചിറയിൽക്കാട്ടിൽ ശ്രീ. കൊച്ചുകൃഷ്ണൻ, കോമളത്ത് ശ്രീ. കേശവപിള്ള എന്നിവരായിരുന്നു അംഗങ്ങൾ. ശ്രീ. കേരളവർമ്മ പഞ്ചായത്തിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ശ്രീ.ശേഖരപ്പണിക്കർ വൈസ് പ്രസിഡന്റും ആയി. ഇന്നത്തെ കൃഷ്ണപുരം പഞ്ചായത്തിൽപ്പെടുന്ന ദേശത്തിനകവും, തെക്ക് കൊച്ചുമുറിയും, ഒഴികെയുള്ള പ്രദേശങ്ങളും കായംകുളം മുനിസിപ്പാലിറ്റിയുടെ ഭാഗമായ കൃഷ്ണപുരം, കാപ്പിൽമേക്ക്, പുളളിക്കണക്ക്, ചേരാവള്ളി പ്രദേശങ്ങളും ഓച്ചിറ ഗ്രാമപഞ്ചായത്തിൽ (ഇപ്പോൾ കൊല്ലം ജില്ല) പ്പെടുന്ന മേമന വയനകം, ഞെക്കനാൽ മഠത്തിക്കാരാണ്മ, കൊറ്റംമ്പള്ളി പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അന്നത്തെ കൃഷ്ണപുരം പഞ്ചായത്ത്. അതിർത്തിച്ചിറയ്ക്ക് സമീപമുളള കുഴിയിൽ നാണുപിള്ളയുടെ വസതിയിലും പിന്നീട് അർത്തിച്ചിറയ്ക്ക് കിഴക്ക് വശത്തുള്ള അഡ്വക്കേറ്റ് സുബ്രഹ്മണ്യം പിള്ളയുടെ കെട്ടിടത്തിലുമായിരുന്നു (ഇപ്പോഴത്തെ മുണ്ടുകോട്ട നെഴ്സറിക്ക് പിറകുവശം) പഞ്ചായത്താഫീസ് പ്രവർത്തിച്ചിരുന്നത്. ശ്രീ കേരളവർമ്മയെ കൂടാതെ ശ്രീ. ശേഖരപ്പണിക്കർ, ശ്രീ. വെളുത്തകുഞ്ഞ്, ശ്രീ. വെട്ടുകുളഞ്ഞിയിൽ രാമൻപിള്ള എന്നിവരും ഒന്നാമത്തെ പഞ്ചായത്തിൽ പ്രസിഡന്റ് പദം അലങ്കരിച്ചിരുന്നു. പഞ്ചായത്തിന്റെ പ്രതിവർഷ വരുമാനം 2000 രൂപ സർക്കാർ ഗ്രാന്റും 20-25 രൂപ വീട്ടുവാടക, ലൈസൻസ് ഫിസ് ഇനത്തിലുള്ള വരവുമായിരുന്നു. അംഗങ്ങളുടെ പ്രതിമാസ സിറ്റിംഗ് അലവൻസ് 7 രൂപ ആയിരുന്നു. ഒന്നാമത്തെ പഞ്ചായത്ത് സമിതി അംഗങ്ങളായിരുന്ന ഇന്നത്തെ കൃഷ്ണപുരം പഞ്ചായത്തിലെ ഒന്നാം വാർഡ് (ദേശത്തിനകം) അന്ന് പെരുങ്ങാല വില്ലേജിലും പെരുങ്ങാല പഞ്ചായത്തിലുമായിരുന്നു. 10 വാർഡ് (ദേശത്തിനകം) അന്ന് പെരുങ്ങാല വില്ലേജിലും പെരുങ്ങാല പഞ്ചായത്തിലുമായിരുന്നു 10 വാർഡിന്റെ കൃഷ്ണപുരം തോടിന് പടിഞ്ഞാറുള്ള ഭാഗവും 11 വാർഡും (തെക്ക് കൊച്ചുമുറി) പുതുപ്പള്ളി വില്ലേജിലും പുതുപ്പള്ളി പഞ്ചായത്തിലുമായിരുന്നു.
ഡി-ലിമിറ്റേഷനുശേഷം 1963 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ 7 വാർഡുകളും 8 അംഗങ്ങളുമാണുണ്ടായിരുന്നത്. അംഗങ്ങളുടെ പേരുവിലാസം താഴെ കൊടുക്കുന്നു.
1. ദേശത്തിനകം - പെരുങ്ങാല - ശ്രീ.എൻ.കുമാരൻ
2. പുളളിക്കണക്ക് - ശ്രീ. പി. കൃഷ്ണപിളള
3. കാപ്പിൽമേക്ക് - ശ്രീ നെടുമ്പാറയിൽ കൊച്ചു കുഞ്ഞുപിളള
4. കാപ്പിൽ കിഴക്ക് - ശ്രീ. എം. അനിരുദ്ധൻ
5. കൃഷ്ണപുരം (ദ്വയാംഗം) - ശ്രീ.വി. ദാമോദരപണിക്കർ
6. (പട്ടികജാതി സംവരണം) - ശ്രീ. ചെല്ലപ്പൻ
7. ഞക്കനാൽ - ശ്രീ കൊച്ചുകളിക്കൽ കെ നാരായണപിള്ള
8. തെക്കുകൊച്ചുമുറി - ശ്രീ. ഏ. കെ കുറുപ്പ്
1964 ജനുവരി ഒന്നിന് അധികാരത്തിൽ വന്ന കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ. എം. അനിരുദ്ധനും, വൈസ്പ്രസിഡന്റ് ശ്രീ. നെടുമ്പാറയിൽ കൊച്ചുകുഞ്ഞുപിളളയുമായിരുന്നു. 1967 ൽ പട്ടികജാതി സംവരണ സീറ്റിൽ നിന്നും ജയിച്ച ശ്രീ ചെല്ലപ്പന്റെ നിര്യാണത്തെ തുടർന്ന് ശ്രീ കെ. കെ. രാഘവൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ പഞ്ചായത്തു കമ്മറ്റിയുടെ കാലത്താണ് സേവാഗ്രാമം ദാമോദരപണിക്കർ സംഭാവന നൽകിയ സ്ഥലത്തു പഞ്ചായത്താഫീസ് കെട്ടിടവും ഹോമിയോ ആശുപതികൾക്കായി രണ്ട് പ്രത്യേക മുറികളും പണികഴിപ്പിച്ചത്. 1-1-1969 ൽ ഹോമിയോ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. 1979 ൽ നടന്ന അടുത്ത തെരെഞ്ഞെടുപ്പിൽ പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം പത്തായി ഉയർന്നു.
ഈ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ. കെ. കെ. രാഘവനും, വൈസ് പ്രസിഡന്റ് ശ്രീ. എൻ. സദാനന്ദനുമായിരുന്നു. 1979 മുതൽ 1985 വരെ നിലവിലുണ്ടായിരുന്ന ഈ പഞ്ചായത്ത് കമ്മിറ്റിയുടെ കാലത്താണ് പഞ്ചായത്തിലുളള ഏക ഹൈസ്ക്കൂൾ വിശ്വഭാരതി മോഡൽ ഹൈസ്ക്കൂൾ, പനയന്നാര്‍ക്കാവ് സ്ഥാപിക്കപ്പെട്ടത്. ഈ എയ്ഡഡ് സ്കൂൾ സ്ഥാപിക്കുന്നതിന് വിലപ്പെട്ട സേവനങ്ങൾ പഞ്ചായത്ത് കമ്മിറ്റി നൽകിയിട്ടുണ്ട്.
1988 ലെ ഭരണസമിതിയിലും 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ശ്രീ. വി. ചന്ദ്രനാഥ് പ്രസിഡന്റായും ശ്രീ. എസ്. ഗോപാലകൃഷ്ണപണിക്കർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1993 ൽ വി. ചന്ദ്രനാഥ് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും ഒഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റായിരുന്ന ശ്രീ.എസ്.ഗോപാലകൃഷ്ണപണിക്കർ പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുകയും 1995 വരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു. ഈ കമ്മിറ്റിയുടെ കാലത്താണ് പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് പ്രത്യേകം കെട്ടിടം ( വാർഡ് 3 ൽ കടുവിൻത്തറ ദേവകികുഞ്ഞമ്മ സംഭാവന ചെയ്ത സ്ഥലത്ത്) പഞ്ചായത്ത് കോണ്‍ഫറൻസ് ഹാൾ, പഞ്ചായത്ത് സാംസ്കാരിക നിലയം, മൃഗാശുപത്രി കെട്ടിടം എന്നിവ നിര്‍മിക്കപ്പെട്ടത്.1995 ഒക്ടോബർ രണ്ടിന് അധികാരമേറ്റ ഗ്രാമപഞ്ചായത്തു കമ്മറ്റിയുടെ പ്രസിഡന്റ് ശ്രീ. എൻ. രവിയും വൈസ് പ്രസിഡന്റ് അഡ്വ. സി. എ അൻഷാദുമാണ്. പതിനൊന്ന് വാർഡുകളാണ് ഉണ്ടായിരുന്നത്. ഒരു കാലയളവിൽ ശ്രീ. എൻ. രവിയെ കൂടാതെ ശ്രീ. എൻ. സദാനന്ദനും പ്രസിഡന്റ് പദം വഹിച്ചിരുന്നു. 2000-2005 കാലയളവിൽ ശ്രി. സി. എ അൻഷാദും ശ്രീ. എൻ. രവിയും പ്രസിഡന്റ് പദം വഹിച്ചിരുന്നു. 2005-2010 വരെ ശ്രീമതി. വൽസലാ ദിവാകരൻ, ശ്രീമതി. ഷാമിലാ ബഷീർ, ശ്രീമതി. ഗീതാ സദാനന്ദൻ എന്നിവർ പ്രസിഡന്റ് പദവി വഹിച്ചിരുന്നു. 2010-2015 കാലയളവിൽ ശ്രീ. അഡ്വ. സി. എ. അൻഷാദും, ശ്രീ. എൻ.രവിയും പ്രസിഡന്റ് പദം വഹിച്ചിരുന്നു.ശ്രീമതി. ബി. വിജയമ്മയുടെ നേത്യത്വത്തിലുള്ള ഭരണസമിതി 2015 നവംബർ മാസം 7-ാം തീയതി അധികാരമേറ്റു.ശ്രീ. ഷാനി കുരുമ്പോലിന്റെ നേത്യത്വത്തിലുള്ള ഭരണസമിതി 2020 ഡിസംബറിൽ അധികാരമേറ്റു. അതിനുശേഷം ശ്രീമതി. രാധാമണി രാജന്റെ നേതൃതത്വത്തിലുള്ള ഭരണസമിതി 2023 ഓഗസ്റ്റിൽ അധികാരമേറ്റു. 2025 ഫെബ്രുവരി നാലിന് ശ്രീ. കോട്ടിരേത്ത് ശ്രീഹരി ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷ പദം വഹിച്ചു.2025 ഡിസംബർ 21 - ാം തീയതി ശ്രീമതി. ജെസ്സി കോശിയുടെ നേതൃത്യത്തിലുളള 18 അംഗ ഭരണസമിതി അധികാരത്തിലെത്തി.കലാ-സാംസ്കാരിക മണ്ഡലങ്ങളിലും അഖില കേരള പ്രസിദ്ധയാർജ്ജിച്ച സ്ഥാപനങ്ങളേയും വ്യക്തികളേയും ഈ പ്രദേശം സംഭാവന ചെയ്തിട്ടുണ്ട്. ശ്രീ. പൊട്ടക്കനയത്ത് വേലുപിള്ളയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും പ്രവർത്തിച്ചിരുന്ന ഓച്ചിറ പരബ്രഹ്മോദയ സംഗീതനടനസഭയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തന്നെ ഗണ്യമായ ഒരു സ്ഥാനമാണുള്ളത്. തമിഴ് സ്വാധീനത്തിൽ നിന്നും മലയാള നാടക വേദിയെ മോചിപ്പിക്കുന്നതിൽ ഈ കലാസമിതി വഹിച്ച പങ്ക് ചെറുതല്ല. സർവ്വശ്രീ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ് (ഗാനഗന്ധർവൻ യേശുദാസിന്റെ പിതാവ്). ഓച്ചിറ ശിവപ്രസാദ് വേലുകുട്ടി (പരബ്രഹ്മോദയ സംഗീത നടന സഭയുടെ സ്ഥാപകൻ ഇദ്ദേഹമാണ്), എസി. പി പിള്ള, മുതുകുളം കാർത്തികേയൻ നായർ, ഓച്ചിറ ശങ്കരൻകുട്ടിനായർ, മാവേലിക്കര പൊന്നമ്മ തുടങ്ങിയ പ്രഗൽഭരായ നടീനടൻമാരും സ്വാമി ബ്രഹ്മവ്രതൻ, മുതുകുളം രാഘവൻപിള്ള, മുൻഷി പരമുപിള്ള തുടങ്ങിയ നാടകകൃത്തുക്കളും ഈ കലാസമിതിയിൽ പ്രവർത്തിച്ചുവരുന്നു. കരുണ, നല്ല തങ്ക, സത്യവാൻ സാവിത്രി, ശാകുന്തളം, യാചകി, സുപ്രഭ എന്നിവയായിരുന്നു പ്രധാന നാടകങ്ങൾ, ഇക്കൂട്ടത്തിൽ “കരുണ” പ്രത്യക പരാമർശം അർഹിക്കുന്നു. മലയാള നാടക ചരിത്രത്തിൽ ഏറ്റവുമധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങളിൽ ഒന്നാണ് കരുണ (കെ.പി.എ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മറ്റൊന്ന്).
'കൃഷ്ണപുരം' കലാകേരളത്തിനു സംഭാവന ചെയ്ത ഏക്കാലത്തെയും മികച്ച കലാകാരനാണ് “നാട്യ കലാകുലശൻ” ശ്രീ. ഓച്ചിറ ശിവപ്രസാദ് വേലുകുട്ടി. പരബ്രഹ്മോദയ സംഗീതനടന സഭയുടെ ചൈതന്യമായിരുന്നു ശ്രീ വേലുക്കുട്ടി. സ്ത്രീയെ വെല്ലുന്ന സ്ത്രൈണ ഭാവങ്ങളുമായി മലയാള നാടക പ്രേക്ഷകരെകൈയ്യിലെടുത്തമ്മാനമാടിയ ആ മഹാനായ കലാകാരന്റെ സ്ത്രീ കഥാപാത്രങ്ങൾ പഴയതലമുറ ഇന്നും രോമാഞ്ചത്തോടെയാട് അനുസ്മരിക്കുന്നത്. 'കരുണ' യിലെ വാസവദത്തായി അരങ്ങുവാണ ശ്രീ. വേലുക്കുട്ടി കാലരംഗത്തെ നിത്യ വിസ്മയമാണ്. പരബ്രഹ്മോദയസംഗീതനടന സഭയിൽ നിന്നും പിരിഞ്ഞതിനു ശേഷം അദ്ദേഹം ശ്രീ മുരളിഗാനനടന സഭ എന്ന പേരിൽ ഒരു കലാസമിതി രൂപീകരിച്ചു. “മിസ്കാമ അഥവാ രക്തലില” എന്ന നാടകം ഈ സമിതിയാണ് അവതരിപ്പിച്ചത്.
യശഃശരീരനായ പ്രസിദ്ധ തുള്ളൽ കലാകാരൻ ശ്രീ. കാപ്പിൽ രാഘവൻപിള്ള, ഹരികഥാകലാകാരൻ ശ്രീ. കൃഷ്ണപുരം രാഘവൻപിള്ള, സംഗീതജ്ഞനായിരുന്ന ശ്രീ. ഓച്ചിറ ശങ്കരൻകുട്ടി, ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡു നേടിയ ശ്രീ. കൃഷ്ണപുരം ശങ്കരൻകുട്ടി, ജ്യോതിഷപണ്ഡിതൻ കൊച്ചുമുറി ശ്രീ. കേശവൻ, ജ്യോത്സ്യൻ കഥാപ്രസംഗ കലാകാരനായിരുന്ന ശ്രീ. കാപ്പിൽ പ്രഭ, ബുദ്ധമത വിശ്വാസിയും പ്രവാചകനുമായിരുന്ന 'ഭിക്ഷുപ്രിയ” ഡോക്ടർ കരുണാകരൻ, കാപ്പിൽ പി. സുകുമാരൻ (AIR) എന്നിവർ കൃഷ്ണപുരത്തിന്റെ സാംസ്കാരിക മഹിമ ഉയർത്തിപ്പിടിച്ചവരാണ്.
കഥാപ്രസംഗ കലാരംഗത്തെ പ്രമുഖനായ ശ്രീ. ഓച്ചിറ രാമചന്ദ്രൻ, സിനിമാ-നാടക ഗാനരചയിതാവ് ശ്രീ.എ.പി.ഗോപാലൻ എന്നിവർ (ഇരുവരും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾ) കൃഷ്ണപുരത്തുകാരാണ് എന്ന വസ്തുത നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന, വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രോഫ. എസ്. ഗുപ്തൻനായരും കൃഷ്ണപുരം (ഇപ്പോൾ മുനിസിപ്പൽ പ്രദേശം) സ്വദേശിയാണ്. മുൻ ഡെപ്യൂട്ടി സ്പിക്കറും കോൺഗ്രസ്സിന്റെ സമുന്നത നേതാവുമായ ശ്രീമതി. നബീസത്തുബീവി (പുത്തൻപുരയിൽ) പ്രശസ്ത ക്രിമിനൽ അഡ്വ. ശ്രി മാത്യു ഇടിക്കുള (കരിഞ്ഞപ്പളളിൽ) എന്നിവരും കൃഷ്ണപുരം സ്വദേശികളാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ സ്ഥാപിതമായ സി.എം.എസ്.എൽ.പി.എസ് (കാപ്പിൽ കിഴക്ക്) ആണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. തുടർന്ന് മറ്റു സ്ക്കൂളുകളും ഉണ്ടായി. 1982 ൽ വിശ്വഭാരതി മോഡൽ ഹൈസ്ക്കൂൾ (പനയന്നാർകാവ്) സ്ഥാപിതമാകുന്നതുവരെ നമ്മുടെ പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ ഉണ്ടായിരുന്നില്ല. 1950 ൽ സ്ഥാപിതമായ ഞക്കനാൽ ജയഭാരത് ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാല.
ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ 1958-72 കാലഘട്ടം പ്രത്യേക പരാമർശം അർഹിക്കുന്നു. നിരവധി തൊഴിൽ സമരങ്ങളും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും ഈ കാലത്ത് ഇവിടെ നടന്നു. കർഷകരും കർഷകതൊഴിലാളികളും തമ്മിലുള്ള ബന്ധത്തിൽ ദൂരവ്യാപകമായ ഫലങ്ങളാണ് ഇതുളവാക്കിയത്. കാപ്പിൽ കിഴക്ക് ചൂടലസമരം, താച്ചത്തറ സമരം എന്നിവ എടുത്തു പറയാവുന്നതാണ്. 1959-60 കാലത്ത്, ഓച്ചിറ പ്രിമിയർ തിയേറ്റർ, തൊഴിലാളിയെ പിരിച്ച് വിട്ടതിനെതിരെ നടന്ന കൊട്ടകസമരം പ്രത്യേക പരാമർശം അർഹിക്കുന്നു. സമരത്തിന്റെ ഫലമായി പിരിച്ച് വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ മുതലാളി നിർബന്ധിതനായി.
ആലപ്പുഴ റവന്യു ജില്ലയുടെ തെക്കേ അറ്റത്തു കിടക്കുന്ന കൃഷ്ണപുരം പഞ്ചായത്ത് 1988 വരെ കൊല്ലം ജില്ലയിലുളള ഓച്ചിറ വികസന ബ്ലോക്കിന്റെ കീഴിലായിരുന്നു. പഞ്ചായത്തിന്റെ കാര്യമായ വികസന പ്രവര്‍ത്തനങ്ങൾ നടക്കുന്നതിന് ഇതുമൂലം പല തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. 1988 ൽ കൃഷ്ണപുരം പഞ്ചായത്ത് മുതുകുളം വികസന ബ്ലോക്കിന്റെ കീഴിലായതിനു ശേഷമാണ് വികസന പ്രവര്‍ത്തനങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായത്.1992-93 ൽ കേരള സര്‍ക്കാരിന്റെ “സ്വാശ്രയ പഞ്ചായത്ത്” പദ്ധതിയിൽ കൃഷ്ണപുരം പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയിരുന്നു.